ഒരു അപകടകരമായ വഴിതിരിച്ചുവിടല്‍
എന്തൊരു സമയനഷ്ടം ഹേമ വിചാരിച്ചു. അവര് വീണ്ടും കണ്ടുമുട്ടണമെന്ന് അവളുടെ ഇന്‍ഷുറന്‍സ് ഏജന്റ് നിര്‍ബന്ധിക്കുകയായിരുന്നു. ഇത് വില്പനയ്ക്കുള്ള മറ്റൊരു വിരസമായ ചര്‍ച്ച ആയിരിക്കുമെന്ന് ഹേമയ്ക്ക് അറിയാമായിരുന്നു, എങ്കിലും തന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരമെന്ന നിലയില്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ അവള്‍ തീരുമാനിച്ചു.
ഏജന്റിന്റെ പുരികം പച്ചകുത്തിയതായി ശ്രദ്ധയില്‍പ്പെട്ട അവള്‍ എന്തിനാണതെന്നു മടിച്ചുമടിച്ചു ചോദിച്ചു. അത് തന്റെ ഭാഗ്യം കൊണ്ടുവരുമെന്ന് തോന്നിയതിനാലാണ് എന്ന് ആ സ്ത്രീ മറുപടി നല്കി. ധനത്തെക്കുറിച്ചുള്ള ഒരു പതിവ് ചാറ്റില്‍ നിന്നുള്ള അപകടകരമായ ഒരു വഴിതിരിച്ചുവിടലായിരുന്നു ഹേമയുടെ ചോദ്യം. എങ്കിലും അത് ഭാഗ്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള സംഭാഷണത്തിലേക്കുള്ള വാതില്‍ തുറന്നു. എന്തുകൊണ്ടാണ് യേശുവില്‍ താന്‍ ആശ്രയിച്ചതെന്ന് സംസാരിക്കാന്‍ അതവള്‍ക്ക് അവസരം നല്കി. ആ ''പാഴായ'' മണിക്കൂര്‍ ഒരു ദൈവികമായ നിയമനമായി മാറി.
യേശു അപകടകരമായ വഴിതിരിച്ചുവിടല്‍ നടത്തി. യെഹൂദ്യയില്‍ നിന്ന് ഗലീലിയിലേക്കുള്ള യാത്രയ്ക്കിടെ, ഒരു ശമര്യക്കാരിയോട് സംസാരിക്കാനായി അവന് വഴി മാറി നടന്നു — ഒരു യഹൂദന് ചിന്തിക്കാന് പോലും കഴിയാത്ത ഒന്നായിരുന്നു അത്. മറ്റ് ശമര്യക്കാര്‍ പോലും ഒഴിവാക്കിയ അഭിസാരികയായിരുന്നു അവള്‍. എന്നിട്ടും പലരുടേയും രക്ഷയിലേക്ക് നയിച്ച ഒരു സംഭാഷണത്തിലാണ് അവന്റെ യാത്ര ചെന്നെത്തിയത് (യോഹന്നാന്‍ 4:1-26, 39-42).
നിങ്ങള്‍ ശരിക്കും കാണാന്‍ ആഗ്രഹിക്കാത്ത ഒരാളെ കണ്ടുമുട്ടുന്നുണ്ടോ? നിങ്ങള്‍ സാധാരണ ഒഴിവാക്കുന്ന ഒരു അയല്‍വാസിയുടെ മുമ്പില്‍ നിങ്ങള്‍ കൂടെക്കൂടെ ചെന്നുപെടുകയാണോ? സുവാര്‍ത്ത പങ്കുവെക്കാന്‍ ''സമയത്തിലും അസമയത്തിലും'' തയ്യാറായിരിക്കാന്‍ ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (2 തിമൊഥെയൊസ് 4:2). 'അപകടകരമായ വഴിതിരിച്ചുവിടല്‍'' പരിഗണിക്കുക. ആര്‍ക്കറിയാം, ഇന്ന് ദൈവത്തെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാന്‍ ദൈവം നിങ്ങള്‍ക്ക് ഒരു ദിവ്യ അവസരം നല്കുന്നതായിരിക്കാം അത്!
വേര്പിരിയലിലെ ഐക്യപ്പെടല്‍
തന്റെ സഹപ്രവര്‍ത്തകനായ തരുണുമൊത്തുള്ള ഒരു പ്രോജക്ടില്‍ ഉള്പ്പെടുത്തപ്പെട്ടപ്പോള് അശോക് ഒരു വലിയ വെല്ലുവിളി നേരിട്ടു: ഇതെങ്ങനെ നടത്താമെന്നതിനെക്കുറിച്ച് അദ്ദേഹത്തിനും തരുണിനും വളരെ വ്യത്യസ്തമായ ആശയങ്ങളാണുണ്ടായിരുന്നത്. അവര് പരസ്പരം അഭിപ്രായങ്ങളെ മാനിക്കുമ്പോള്‍ തന്നേ, അവരുടെ സമാപനങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നതിനാല്‍ തര്‍ക്കം ആസന്നമാണെന്ന് തോന്നി. എന്നിരുന്നാലും, സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ്, രണ്ടുപേരും തങ്ങളുടെ ബോസുമായി അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചു, അദ്ദേഹം അവരെ വ്യത്യസ്ത ടീമുകളില്‍ ഉള്‍പ്പെടുത്തി. അത് ബുദ്ധിപരമായ നീക്കമായി മാറി. ആ ദിവസം അശോക് ഒരു പാഠം പഠിച്ചു: ഐക്യപ്പെടുക എന്നാല് എല്ലായ്പ്പോഴും ഒരുമിച്ച് കാര്യങ്ങള് ചെയ്യുക എന്നല്ല.
താനും ലോത്തും ബെഥേല്‍ മുതല്‍ രണ്ടു വഴിക്കു തിരിയണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ അബ്രഹാം ഈ സത്യം മനസ്സിലാക്കിയിരിക്കണം (ഉല്പത്തി 13:5-9). അവരുടെ രണ്ടുപേരുടെയും ആട്ടിന്‍കൂട്ടങ്ങള്‍ക്കു വേണ്ടത്ര ഇടമില്ലെന്ന് കണ്ട അബ്രഹാം വിവേകപൂര്‍വ്വം പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല് ആദ്യം, 'തങ്ങള് സഹോദരന്മാരാണ്'' (വാ. 8), എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ ബന്ധത്തെക്കുറിച്ച് ലോത്തിനെ ഓര്‍മ്മപ്പെടുത്തുന്നു. പിന്നെ, അബ്രഹാം മുതിര്‍ന്ന ആളാണെങ്കിലും ഏറ്റവും വിനയത്തോടെ, തന്റെ സഹോദരപുത്രനെ ആദ്യ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചു (വാ. 9). ഒരു പാസ്റ്റര്‍ വിവരിച്ചതുപോലെ, ഇത് ''സ്വരച്ചേര്‍ച്ചയുള്ള വേര്‍പിരിയല്‍' ആയിരുന്നു.
ദൈവത്താല്‍ അതുല്യമായി സൃഷ്ടിക്കപ്പെട്ടതിനാല്‍, ഒരേ ലക്ഷ്യം നേടുന്നതിന് നാം ചിലപ്പോള്‍ പ്രത്യേകം പ്രത്യേകം പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. വൈവിധ്യത്തില്‍ ഒരു ഐക്യമുണ്ട്. എന്നിരുന്നാലും, നാം ഇപ്പോഴും ദൈവകുടുംബത്തിലെ സഹോദരങ്ങളാണെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. നാം കാര്യങ്ങള് വ്യത്യസ്തമായി ചെയ്തേക്കാം, പക്ഷേ ഉദ്ദേശ്യത്തില്‍ നാം ഐക്യതയോടെ തുടരുന്നു.
ദൈവം ഉണ്ടോ?
ലീല ക്യാന്‍സര്‍ ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയായിരുന്നു, സ്നേഹവാനായ ഒരു ദൈവം തന്റെ ഭാര്യയെ കഷ്ടപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് ഭര്‍ത്താവ് തിമോത്തിക്ക് മനസ്സിലായില്ല. ഒരു ബൈബിള്‍ അദ്ധ്യാപികയായും അനേകര്‍ക്ക് ഉപദേഷ്ടാവായും അവള്‍ അവനെ വിശ്വസ്തതയോടെ സേവിച്ചിരുന്നു. ''എന്തുകൊണ്ടാണ് അങ്ങ് ഇത് സംഭവിക്കാന്‍ അനുവദിച്ചത്?'' അവന് കരഞ്ഞു. എന്നിട്ടും തിമോത്തി ദൈവത്തോടുള്ള ബന്ധത്തില്‍ വിശ്വസ്തനായി തുടര്ന്നു.
''എന്നിട്ടും നിങ്ങള്‍ ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?'' ഞാന് അയാളോട് തുറന്നു ചോദിച്ചു. 'അവനില്‍ നിന്ന് പിന്തിരിയുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?''
''മുമ്പ് സംഭവിച്ചതു നിമിത്തം,'' തിമോത്തി മറുപടി പറഞ്ഞു. ഇപ്പോള്‍ ദൈവത്തെ ''കാണാന്‍'' കഴിയാത്തപ്പോള്‍, ദൈവം തന്നെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത സമയങ്ങളെക്കുറിച്ച് അയാള് ഓര്‍ത്തു. ദൈവം ഇപ്പോഴും തന്റെ കുടുംബത്തെ പരിപാലിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു അവ. ''ഞാന് വിശ്വസിക്കുന്ന ദൈവം സ്വന്തം വഴിയിലൂടെ കടന്നുവരുമെന്ന് ഞാന് അറിയുന്നു,'' അയാള് പറഞ്ഞു.
തിമോത്തിയുടെ വാക്കുകള്‍ യെശയ്യാവ് 8:17-ലെ യെശയ്യാവിന്റെ വിശ്വാസപ്രകടനത്തെ പ്രതിധ്വനിക്കുന്നു. തന്റെ ആളുകള്‍ ശത്രുക്കളില്‍ നിന്നുള്ള ആപത്തുകള്‍ നേരിടുന്ന സമയത്ത് ദൈവസാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയാത്തപ്പോള്‍ പോലും, അവന് 'കര്‍ത്താവിനായി കാത്തിരിക്കും.'' അവിടുത്തെ സാന്നിധ്യത്തെക്കുറിച്ച് അവന് നല്കിയ അടയാളങ്ങള്‍ നിമിത്തം അവന് ദൈവത്തില്‍ വിശ്വസിച്ചു (വാ. 18).
നമ്മുടെ കഷ്ടങ്ങളില്‍ ദൈവം നമ്മോടൊപ്പമില്ലെന്ന് തോന്നിയേക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്. നമ്മുടെ ജീവിതത്തില്‍ ഭൂതകാലത്തിലും വര്‍ത്തമാനകാലത്തും അവിടുന്നു ചെയ്തതും ചെയ്യുന്നതുമായി നമുക്ക് കാണാന്‍ കഴിയുന്ന പ്രവൃത്തികളില്‍ നാം ആശ്രയിക്കുന്നത് അപ്പോഴാണ്. അവ ഒരു അദൃശ്യ ദൈവത്തിന്റെ - എപ്പോഴും നമ്മോടൊപ്പമുള്ളവനും അവന്റെ സമയത്തിലും രീതിയിലും ഉത്തരം നല്കുന്നവനുമായ ഒരു ദൈവം - ദൃശ്യമായ ഓര്‍മ്മപ്പെടുത്തലാണ്.
പദ്ധതി തടസ്സപ്പെട്ടു
ഒരു സ്പീച്ച് തെറാപ്പിസ്റ്റാകാനുള്ള ജെയിന്റെ പദ്ധതി അവസാനിച്ചു. ജോലി അവള്‍ക്ക് വൈകാരികമായി വെല്ലുവിളിയാണെന്ന് ഇന്റേണ്‍ഷിപ്പില്‍ മനസ്സിലായതോടെയായിരുന്നു അത്. തുടര്ന്ന് ഒരു മാസികയ്ക്കുവേണ്ടി എഴുതാനുള്ള അവസരം അവള്‍ക്കു ലഭിച്ചു. ഒരു എഴുത്തുകാരിയെന്ന നിലയില്‍ അവള്‍ ഒരിക്കലും തന്നെ കണ്ടിരുന്നില്ല, എങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ തന്റെ എഴുത്തിലൂടെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവളായി മാറി. ''തിരിഞ്ഞുനോക്കുമ്പോള്‍, ദൈവം എന്റെ പദ്ധതികള്‍ മാറ്റിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി,'' അവള്‍ പറയുന്നു. ''എനിക്കായി ഒരു വലിയ പദ്ധതി അവന്റെ പക്കല്‍ ഉണ്ടായിരുന്നു.''
തകരാറിലായ പദ്ധതികളെക്കുറിച്ചുള്ള നിരവധി കഥകള്‍ ബൈബിളിലുണ്ട്. തന്റെ രണ്ടാമത്തെ മിഷനറി യാത്രയില്‍, സുവിശേഷവുമായി ബിഥുന്യയിലേക്ക് പോകുവാന്‍ പൗലൊസ് ശ്രമിച്ചുവെങ്കിലും യേശുവിന്‍റെ ആത്മാവ് അവനെ തടഞ്ഞു (പ്രവൃ. 16:6-7). ഇത് ദുരൂഹമായി തോന്നിയിരിക്കണം: ദൈവം നല്കിയ ദൗത്യത്തിന് അനുസൃതമായ പദ്ധതികളെ യേശു തടസ്സപ്പെടുത്തിയത് എന്തുകൊണ്ട്? ഒരു രാത്രി സ്വപ്നത്തില്‍ ഉത്തരം വന്നു: മാസിഡോണിയയ്ക്ക് അവനെ കൂടുതല്‍ ആവശ്യമുണ്ട്. അവിടെ പൗലൊസ് യൂറോപ്പിലെ ആദ്യത്തെ സഭ സ്ഥാപിച്ചു. ശലോമോന് ഇപ്രകാരം നിരീക്ഷിച്ചു, ''മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്്്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും'' (സദൃശവാക്യങ്ങള്‍ 19:21).
പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് വിവേകപൂര്‍ണ്ണമാണ്. ഇപ്രകാരം ഒരു ചൊല്ലുണ്ട്, ''ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെടുന്നവന് പരാജയപ്പെടാന്‍ പദ്ധതിയിടുന്നു.'' എന്നാല് ദൈവം നമ്മുടെ പദ്ധതികളെ തന്റേതായ രീതിയില്‍ തടസ്സപ്പെടുത്തിയേക്കാം. ദൈവത്തെ വിശ്വസിക്കാന്‍ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത്. നാം അവന്റെ ഹിതത്തിനു കീഴ്പെടുകയാണെങ്കില്, നമ്മുടെ ജീവിതത്തിനായുള്ള അവിടുത്തെ ഉദ്ദേശ്യവുമായി യോജിക്കുന്നതായി നാം കണ്ടെത്തും.
നാം പദ്ധതികള്‍ തയ്യാറാക്കുന്നത് തുടരുമ്പോള്‍, നമുക്ക് ഒരു പുതിയ കാര്യം ചേര്‍ക്കാന്‍ കഴിയും: കേള്‍ക്കാന്‍ പദ്ധതിയിടുക. ദൈവത്തിന്റെ പദ്ധതി കേള്‍ക്കുക.
സ്നേഹത്തില്‍ വിഭജിപ്പെടുക
വിവാദമായ സിംഗപ്പൂര്‍ നിയമത്തെക്കുറിച്ച് പൊതുചര്‍ച്ച പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അതു വിശ്വാസികളെ വ്യത്യസ്ത വീക്ഷണങ്ങളിലായി വിഭജിച്ചു. ചിലര്‍ മറ്റുള്ളവരെ ''സങ്കുചിത ചിന്താഗതിക്കാര്‍'' എന്ന് വിളിക്കുകയോ അവരുടെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിക്കുകയോ ചെയ്തു.
തര്‍ക്കങ്ങള്‍ ദൈവത്തിന്റെ കുടുംബത്തില്‍ കഠിനമായ ഭിന്നതയുണ്ടാക്കുകയും ആളുകളെ വളരെയധികം വേദനിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ബൈബിളിലെ പഠിപ്പിക്കലുകള്‍ എന്റെ ജീവിതത്തില്‍ എങ്ങനെ ബാധകമാക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ ബോധ്യങ്ങളില്‍ ഞാന് എന്നെ ചെറുതായി കാണുന്നു. ഞാന് വിയോജിക്കുന്ന മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ ഞാനും ഒരുപോലെ കുറ്റക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രശ്നം, നമ്മുടെ കാഴ്ചപ്പാടുകള്‍ എന്തിനുവേണ്ടിയാണ് എന്നതോ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതോ അല്ല, മറിച്ച് അത് ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയത്തിന്റെ മനോഭാവം എന്താണ് എന്നതാണെന്ന് ഞാന് ചിന്തിക്കുന്നു. നാം കാഴ്ചപ്പാടുകളോട് വിയോജിക്കുകയാണോ അതോ അവയ്ക്കു പിന്നിലുള്ള ആളുകളെ കീറിമുറിക്കാന്‍ ശ്രമിക്കുകയാണോ?
എങ്കിലും നാം തെറ്റായ പഠിപ്പിക്കലിനെ അഭിസംബോധന ചെയ്യാനോ നമ്മുടെ നിലപാട് വിശദീകരിക്കാനോ ചില അവസരങ്ങളുണ്ട്. താഴ്മ, സൗമ്യത, ക്ഷമ, സ്നേഹം എന്നിവ ഉപയോഗിച്ച് അവ പ്രകടിപ്പിക്കണമെന്ന് എഫെസ്യര്‍ 4:2-6 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി, ''ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍'' എല്ലാ ശ്രമങ്ങളും നടത്തുക (വാ. 3).
ചില വിവാദങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരും. എന്നിരുന്നാലും, ദൈവത്തിന്റെ വചനം നമ്മെ എല്ലായ്പ്പോഴും ഓര്‍മ്മിപ്പിക്കുന്നത് ആളുകളുടെ വിശ്വാസം വളര്‍ത്തിയെടുക്കലാണ്, അവരെ കീറിമുറിക്കുകയല്ല നമ്മുടെ ലക്ഷ്യം എന്നാണ് (വാ. 29). ഒരു വാദം ജയിക്കാന്‍ നാം മറ്റുള്ളവരെ തകര്‍ക്കുകയാണോ? അല്ലെങ്കില്‍, ഒരു കര്‍ത്താവിലുള്ള വിശ്വാസം നാം പങ്കുവെക്കുന്നുവെന്നോര്‍ത്ത് അവന്റെ സമയത്തിലും അവന്റെ വഴികളിലും അവന്റെ സത്യങ്ങള്‍ നമ്മെ ഗ്രഹിപ്പിക്കാന്‍ ദൈവത്തെ അനുവദിക്കുകയാണോ? (വാ. 4-6).
ദൈവത്തിനു സുന്ദരം
ഡെനീസ് അവളുടെ ബോയ്ഫ്രണ്ടുമായി ഡേറ്റിംഗ് ആരംഭിച്ചപ്പോള്‍, അവള്‍ മെലിഞ്ഞ ശരീരപ്രകൃതിയും സ്റ്റൈലായ വസ്ത്രധാരണവും നിലനിര്‍ത്താന്‍ ശ്രമിച്ചു. ആ നിലയില്‍ അവന്റെ മുമ്പില്‍ താന്‍ കൂടുതല്‍ ആകര്ഷകയായിരിക്കും എന്നവള്‍ കരുതി. മാത്രമല്ല, എല്ലാ സ്ത്രീ മാസികകളും ഉപദേശിക്കുന്നതും അതാണ്. വളരെ നാളുകള്‍ കഴിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ അവന് ചിന്തിച്ചിരുന്നതെന്താണ് എന്നവള്‍ കണ്ടുപിടിച്ചത്: 'നീ കുറച്ചു തടിച്ചിരുന്നാലും നിന്നെ ഞാനിഷ്ടപ്പെടും, നീ എന്ത് ധരിക്കുന്നു എന്നതെനിക്ക് വിഷയവുമല്ല!'
അപ്പോഴാണ് 'സൗന്ദര്യം' വ്യക്തിയധിഷ്ഠിതമാണെന്നു ഡെനീസ് മനസ്സിലാക്കിയത്. നമ്മുടെ സൗന്ദര്യ വീക്ഷണം എളുപ്പത്തില്‍ മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടാറുണ്ട്. മിക്കപ്പോഴും അത് ബാഹ്യരൂപത്തില്‍ കേന്ദ്രീകരിക്കപ്പെടുകയും…
സകലവും നഷ്ടപ്പെട്ടുവെന്നു തോന്നുമ്പോള്‍
കേവലം ആറുമാസത്തിനുള്ളില്‍ ജറാള്‍ഡിന്റെ ജീവിതം തകര്‍ന്നു. ഒരു സാമ്പത്തിക പ്രതിസന്ധി അയാളുടെ ബിസിനസും സമ്പത്തും നശിപ്പിച്ചു. ഒരു വാഹനാപകടം അയാളുടെ മകന്റെ ജീവനെടുത്തു. ആ ഞെട്ടലില്‍ നിന്നു മുക്തയാകാതെ മാതാവ് ഹൃദയസ്തംഭനമുണ്ടായി മരിച്ചു. അയാളുടെ ഭാര്യ വിഷാദരോഗത്തിനടിമപ്പെട്ടു. രണ്ടു പെണ്മക്കള്‍ ആശ്വാസമറ്റവരായി മാറി. അയാള്‍ക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് സങ്കീര്‍ത്തനക്കാരനെപ്പോലെ നിലവിളിക്കുകയായിരുന്നു, 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?' (സങ്കീര്‍ത്തനം 22:1).
ജറാള്‍ഡിനെ മുമ്പോട്ടു നയിച്ച ഏക കാര്യം, യേശുവിനെ ഉയര്‍പ്പിച്ച ദൈവം ഒരു ദിവസം തന്നെയും തന്റെ കുടുംബത്തെയും വേദനയില്‍ നിന്ന് വിടുവിച്ച് സന്തോഷത്തിന്റെ നിത്യജീവിതത്തിലേക്കു നയിക്കും എന്ന പ്രത്യാശയായിരുന്നു. സഹായത്തിനുള്ള തന്റെ ആശയറ്റ നിലവിളിക്ക് ദൈവം ഉത്തരം നല്‍കും എന്ന പ്രത്യാശയായിരുന്നു അത്. സങ്കീര്‍ത്തനക്കാരനായ ദാവീദിനെപ്പോലെ, തന്റെ നിരാശയില്‍, തന്റെ കഷ്ടതയുടെ നടുവില്‍, ദൈവത്തില്‍ ആശ്രയിക്കാന്‍ അവന്‍ തീരുമാനിച്ചു. ദൈവം തന്നെ വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യും എന്ന പ്രത്യാശയില്‍ അവന്‍ മുറുകെപ്പിടിച്ചു (വാ. 4-5).
ആ പ്രത്യാശ ജറാള്‍ഡിനെ നിലനിര്‍ത്തി. പിന്നീടുള്ള വര്‍ഷങ്ങളില്‍, എങ്ങനെയിരിക്കുന്നുവെന്നു ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നത്, 'ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു' എന്നാണ്.
ആ ആശ്രയത്തെ ദൈവം മാനിക്കുകയും ജറാള്‍ഡിനു ആശ്വാസവും ശക്തിയും മുന്നോട്ടുപോകാനുള്ള ധൈര്യവും നല്‍കി. അദ്ദേഹത്തിന്റെ കുടുംബം പതുക്കെ പ്രതിസന്ധിയില്‍ നിന്നും കരകയറി, അധികം താമസിയാതെ അവരുടെ ആദ്യ പേരക്കിടാവിനെ അവര്‍ക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ നിലവിളി ഇപ്പോള്‍ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചുള്ള സാക്ഷ്യമാണ്. 'നീയെന്നെ കൈവിട്ടതെന്ത് എന്നു ഞാനിപ്പോള്‍ ചോദിക്കുന്നില്ല. ദൈവം എന്നെ അനുഗ്രഹിച്ചു.'
ഒന്നും ശേഷിക്കുന്നില്ല എന്നു തോന്നുമ്പോള്‍, ഇനിയും പ്രത്യാശ ശേഷിക്കുന്നുണ്ട്.
നീ അവിടെയുണ്ടോ?
മൈക്കിളിന്റെ ഭാര്യയ്ക്ക് ഒരു കഠിന രോഗം ബാധിച്ചപ്പോള്‍, ദൈവവുമായുള്ള ബന്ധത്തിലൂടെ തനിക്കു കൈവന്നിട്ടുള്ള സമാധാനം തന്റെ ഭാര്യയും അനുഭവിക്കണമെന്നവന്‍ ആഗ്രഹിച്ചു. അവന്‍ തന്റെ വിശ്വാസം അവളുമായി പങ്കിട്ടുവെങ്കിലും അവള്‍ താല്പര്യം കാണിച്ചില്ല. ഒരു ദിവസം, പ്രാദേശിക പുസ്തക ശാലയിലൂടെ നടക്കുമ്പോള്‍ ഒരു പുസ്തകം കണ്ണില്‍പ്പെട്ടു: 'ദൈവമേ, നീ അവിടെയുണ്ടോ?' എന്നായിരുന്നു അതിന്റെ തലക്കെട്ട്. തന്റെ ഭാര്യ എങ്ങനെ പുസ്തകത്തോടു പ്രതികരിക്കുമെന്നു നിശ്ചയമില്ലാതിരുന്നതിനാല്‍ അതു വാങ്ങും മുമ്പ് അവന്‍ പലവട്ടം കടയില്‍ കയറുകയും ഇറങ്ങുകയും ചെയ്തു. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളതു സ്വീകരിച്ചു.
പുസ്തകം അവളെ സ്പര്‍ശിച്ചു, പിന്നീട് അവള്‍ ബൈബിള്‍ വായിക്കാനും തുടങ്ങി. രണ്ടാഴ്ചയ്ക്ക് ശേഷം മൈക്കളിന്റെ ഭാര്യ, ദൈവം തന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ലായെന്ന ഉറപ്പോടെ ദൈവാശ്രയത്തോടെയും സമാധാനത്തോടെയും മരിച്ചു.
തന്റെ ജനത്തെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിക്കുന്നതിനായി ദൈവം മോശയെ വിളിച്ചപ്പോള്‍, അവന് ശക്തി ദൈവം വാഗ്ദത്തം ചെയ്തില്ല. മറിച്ച് തന്റെ സാന്നിധ്യം അവന്‍ വാഗ്ദത്തം ചെയ്തു. 'ഞാന്‍ നിന്നോട് കൂടെയിരിക്കും'' (പുറപ്പാട് 3:12). തന്റെ ക്രൂശീകരണത്തിന് മുമ്പ് തന്റെ ശിഷ്യന്മാരോടുള്ള അവസാന വാക്കുകളില്‍ യേശു പരിശുദ്ധാത്മാവിലൂടെ അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ദൈവത്തിന്റെ നിത്യമായ സാന്നിധ്യം വാഗ്ദത്തം ചെയ്തു (യോഹന്നാന്‍ 15:16).
ഭൗതിക സുഖങ്ങള്‍, സൗഖ്യം, നമ്മുടെ പ്രശ്‌നങ്ങള്‍ക്കുള്ള സത്വര പരിഹാരം എന്നിങ്ങനെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിനു നമ്മെ സഹായിക്കാനായി നിരവധി കാര്യങ്ങള്‍ നമുക്ക് നല്‍കാന്‍ ദൈവത്തിനു കഴിയും. ചിലപ്പോള്‍ അവനതു ചെയ്യാറുമുണ്ട്. എന്നാല്‍ അവന്‍ നല്‍കുന്ന ഏറ്റവും മികച്ച ദാനം തന്നെത്തന്നെയാണ്. നമുക്കുള്ള ഏറ്റവും മികച്ച ആശ്വാസം ഇതാണ്: ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചാലും അവന്‍ നമ്മോടു കൂടെയിരിക്കും; അവന്‍ നമ്മെ ഉപേക്ഷിക്കുകയില്ല.
വേദനയിലും ഒരു ഉദ്ദേശ്യമോ?
തന്‍റെ വൃക്ക തകരാറിലാണെന്നും ജീവിതകാലം മുഴുവൻ തനിക്ക് ഡയാലിസിസ് വേണ്ടിവരുമെന്നും സ്യൂ ഫെൻ കണ്ടുപിടിച്ചപ്പോൾ, അവൾ എല്ലാം അവസാനിപ്പിക്കുവാൻ ആഗ്രഹിച്ചു. വിരമിച്ചവളും ഏകാകിയും, എന്നാൽ, യേശുവിൽ ദീർഘകാല വിശ്വാസിയുമായ അവൾക്ക്, തന്‍റെ ജീവിതം നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമൊന്നും തോന്നിയില്ല. പക്ഷേ, സ്ഥിരോത്സാഹത്തോടെ ഡയാലിസിസ് ചെയ്യുവാനും, സഹായലഭ്യതയ്ക്ക് ദൈവത്തിൽ ആശ്രയിക്കുവാനും അവളുടെ സുഹൃത്തുക്കൾ അവൾക്ക് ബോധ്യം വരുത്തി.
രണ്ടു വർഷത്തിനു ശേഷം, തന്‍റെ സഭയിലെ, ശാരീരിക ദൗർബല്യം നേരിടുന്ന ഒരു സുഹൃത്തിനെ സന്ദർശിച്ചപ്പോൾ അവളുടെ അനുഭവം പ്രയോജനപ്പെടുന്നതായി അവൾ കണ്ടു. താൻ കടന്നു പോകുന്ന അവസ്ഥ യഥാർത്ഥത്തിൽ മനസ്സിലാക്കുവാൻ കഴിഞ്ഞത് വളരെ കുറച്ചുപേർക്കുമാത്രമായിരുന്നു; അതിനാൽ, ആ സ്ത്രീയ്ക്ക് ഏകാന്തത അനുഭവപ്പെട്ടു. എന്നാൽ, സ്യൂ ഫെൻ അവളുടെ ശാരീരികവും വൈകാരികവുമായ വേദന തിരിച്ചറിയുകയും അവളോട് വ്യക്തിപരമായ രീതിയിൽ ബന്ധപ്പെടുകയും ചെയ്തു. ആ സ്ത്രീയോടൊപ്പം നടന്ന്, മറ്റാർക്കും നൽകുവാൻ കഴിയാത്ത വിധം ഒരു പ്രത്യേക അളവിലുള്ള ആശ്വാസം അവർക്കു നൽകുവാൻ, അവളുടെ സ്വന്തം ജീവിതയാത്ര അവളെ പ്രാപ്തയാക്കി. അവൾ ഇങ്ങനെ പറഞ്ഞു, "ദൈവത്തിന്, ഇപ്പോഴും എന്നെ എപ്രകാരം ഉപയോഗിക്കാനാകും എന്ന് ഞാൻ ഇപ്പോൾ കാണുന്നു”.
നാം ക്ലേശമനുഭവിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടായിരിക്കാം. എങ്കിലും, തികച്ചും അപ്രതീക്ഷിതമായ വിധത്തിൽ നമ്മുടെ ദുഃഖാവസ്ഥയെ ഉപയോഗിക്കുവാൻ ദൈവത്തിനു കഴിയും. നമ്മുടെ ശോധനകളുടെ മദ്ധ്യത്തിൽ, ആശ്വാസത്തിനും സ്നേഹത്തിനും വേണ്ടി നാം അവനിലേക്കു തിരിയുമ്പോൾ, മറ്റുള്ളവരെ സഹായിക്കുവാൻ അത് നമ്മെ ശക്തീകരിക്കുന്നു. സ്വന്തം കഷ്ടപ്പാടുകളിലെ ഉദ്ദേശ്യം കണ്ടെത്തുവാൻ പൌലോസ് പഠിച്ചതിൽ, തെല്ലും അതിശയോക്തിയില്ല: ദൈവീക ആശ്വാസം പ്രാപിക്കുന്നതിനുള്ള അവസരം അതു നൽകുകയും, പിന്നീട്, അതുപയോഗിച്ച് മറ്റുള്ളവരെ അനുഗ്രഹിക്കുവാൻ സാധിക്കുകയും ചെയ്തു. (2 കൊരിന്ത്യർ 1:3-5). നമ്മുടെ വേദനയും കഷ്ടപ്പാടും നിഷേധിക്കുന്നതിനല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്, പ്രത്യുത, അത് നൻമയ്ക്കായി ഉപയോഗിക്കുവാനുള്ള ദൈവീകകഴിവിൽ ധൈര്യം കണ്ടെത്തുന്നതിനാണ്.
മഹത്തായ വാർത്ത!
ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച ലേഖനം വളരെ ഹ്രസ്വമായിരുന്നു, എന്നാൽ ഹൃദ്യവുമായിരുന്നു. ശക്തമായ കുടുംബ ബന്ധം കെട്ടിപ്പടുക്കുവാൻ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം, ഒരു കൂട്ടം തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ഒരു തുറന്ന സന്ദർശനം നടത്തുന്നതിനുള്ള വളരെ ദുർലഭമായ ഒരു അവസരം നൽകപ്പെട്ടു. അവരിൽ ചിലർ വർഷങ്ങളായി തങ്ങളുടെ കുട്ടികളെ കണ്ടിരുന്നില്ല. ഒരു കണ്ണാടിയിലൂടെ സംസാരിക്കുന്നതിന് പകരം, അവർക്ക് പ്രിയപ്പെട്ടവരെ സ്പർശിക്കുന്നതിനും പിടിക്കുന്നതിനും ഇപ്പോൾ കഴിഞ്ഞിരുന്നു. കുടുംബങ്ങൾ കൂടുതൽ അടുക്കുകയും മുറിവുകൾ ഉണങ്ങുകയും ചെയ്തതോടെ കണ്ണീർ കൂടുതൽ ഒഴുകുവാൻ തുടങ്ങി.
മിക്ക വായനക്കാർക്കും ഇത് ഒരു കഥ മാത്രമായിരുന്നു. എന്നാൽ ഈ കുടുംബങ്ങൾക്ക്, പരസ്പരസ്പർശനം ഒരു ജീവിതപരിവർത്തനമായിരുന്നു. ചിലരിൽ പാപമോചനവും അനുരഞ്ജനപ്രക്രിയയും ആരംഭിച്ചു.
നമ്മുടെ പാപത്തിനുള്ള ദൈവീക ക്ഷമയും, അനുരഞ്ജനത്തിന്‍റെ വാഗ്ദാനവും, ദൈവ പുത്രൻ മുഖാന്തരം സാധ്യമാക്കിയത് ക്രിസ്തീയ വിശ്വാസത്തിന്‍റെ കേവലം ഒരു വസ്തുതയേക്കാൾ കൂടുതൽ ഉയരത്തിലാണ്. അനുരഞ്ജനത്തെക്കുറിച്ചുള്ള ലേഖനം നമ്മെ ഓർമ്മിപ്പിക്കുന്നത്, യേശുവിന്‍റെ യാഗത്തിന്‍റെ വർത്തമാനം ലോകത്തിനു മാത്രമല്ല, എനിക്കും നിങ്ങൾക്കും കൂടിയുള്ള ഒരു വലിയ വാർത്ത കൂടിയാണ് .
ചില സമയങ്ങളിൽ നാം ചെയ്ത ചില കാര്യങ്ങളുടെ കുറ്റ ബോധം നമ്മെ ഭരിക്കുമ്പോൾ, നമുക്കു ചേർത്തു പിടിക്കുവാൻ സാധിക്കുന്ന ഒരു വാർത്ത തന്നെയാണിത്. അപ്പോൾ മാത്രമാണ് ദൈവത്തിന്‍റെ അനന്തമായ കരുണ നമുക്ക് ഓരു വ്യക്തിഗത വാർത്തയായിത്തീരുന്നത്. യേശു നമുക്കുവേണ്ടി മരിക്കുന്നതിനാൽ, നമുക്ക് കഴുകപ്പെട്ടവരായി പിതാവിന്‍റെ അടുക്കൽ എത്തുവാൻ കഴിയും, "ഹിമത്തെക്കാൾ വെൺമ" (സങ്കീ 51:7). അത്തരം സന്ദർഭങ്ങളിൽ, നാം അവന്‍റെ കരുണയ്ക്ക് അർഹരല്ലെന്ന് നാം ഗ്രഹിക്കുമ്പോൾ, നമുക്ക് ആശ്രയിക്കാവുന്ന ഏക കാര്യത്തിൽ മാത്രമേ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ: ദൈവത്തിന്‍റെ അപരാജിത സ്നേഹവും മനസ്സലിവും (വാ 1).